blog_image
  • 15 Sep 2024

തിരക്കൊഴിഞ്ഞാൽ കനകക്കുന്നിലേക്ക് പോന്നോളൂ... ഓണം കൂട്ടായ്മയ്ക്ക് പത്തരമാറ്റേകാൻ കേരളത്തിന്റെ വാനമ്പാടിയെത്തും

തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം കൂട്ടായ്മയ്ക്ക് പത്തരമാറ്റേകാൻ ഇന്ന് കേരളത്തിന്റെ വാനമ്പാടിയെത്തും. ഗായിക കെ.എസ്.ചിത്ര പങ്കെടുക്കുന്ന 
സംഗീത നിശയാണ് കനക്കുന്നിലെ ഓണം കൂട്ടായ്മയിൽ ഇന്നത്തെ പ്രത്യേകത. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വർടൈസിങ് വർക്സും സംയുക്തമായി 
സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ രണ്ടാം ദിനവും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

തലസ്ഥാനത്ത് ഓണാഘോഷം തുടങ്ങിയിട്ടേയുള്ളൂ. ഉത്രാടപ്പാച്ചിലിന്റെ തിരക്കൊഴിഞ്ഞാൽ ഇന്ന് വൈകുന്നേരം കനക്കുന്നിലേക്ക് പോന്നോളൂ. ആൽമരം ബാൻഡിനൊപ്പം കെ.എസ്.ചിത്രയുമുണ്ടാകും നിശാഗന്ധിയിൽ ഇന്ന്. മിനി സ്റ്റേജിൽ വിൽപാട്ടും നാടകവുമുണ്ടാകും. കനക്കുന്നിൽ സ്റ്റാളുകളും ഒരുങ്ങിക്കകഴിഞ്ഞു. വിപുലമായ പ്രദര്‍ശന വിപണന മേളയാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.


ഇന്നലെ പുലികളിയോടെയായിരുന്നു ഓണം കൂട്ടായ്മയ്ക്ക് തുടക്കമായത്. ആദ്യ ദിനം നിശാഗന്ധിയിൽ ഊരാളി സംഘം കാണികളെ കയ്യിലെടുത്തു. 22-ാം തീയ്യതി വരെയാണ് കനക്കുന്നിലെ ഓണം കൂട്ടായ്മ. വരുംദിവസങ്ങളിലും മുൻനിര താരങ്ങളും ഗായക സംഘങ്ങളും ആഘോഷത്തിൽ പങ്കെടുക്കും. ആഘോഷപരിപാടിയിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന്റെ ഒരു വിഹിതം വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈമാറും.